ന്യൂ മിർപുർ: പാക് അധിനിവേശ കശ്മീരിലുണ്ടായ ഭൂകമ്പത്തിൽ 5 പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 04:32 നാണ് പാകിസ്ഥാൻ അധിനിവേശ കശ്മീരിന് സമീപം റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ശ്രീനഗറിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിൽ 140 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ ന്യൂ മിർപൂർ നഗരത്തിനടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ദില്ലി-എൻസിആർ, ചണ്ഡിഗഡ്, കശ്മീർ, ഹിമാചലിന്റെ ചില ഭാഗങ്ങൾ, ഇസ്ലാമാബാദ്, ലാഹോർ, ഖൈബർ പഖ്തൂൺ മേഖല എന്നിവിടങ്ങളിലും പാകിസ്ഥാനിലെ മറ്റനവധി പട്ടണങ്ങളിലും ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ അനുഭവപ്പെട്ടു.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങി ഓടി.
പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്ന് 92 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ പാകിസ്ഥാനിലെ ഇസ്ലാമാബാദ്, പെഷവാർ, റാവൽപിണ്ടി, ലാഹോർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങൾ ഭൂചലനത്തെ തുടർന്ന് 10 സെക്കൻഡ് ആടിയുലഞ്ഞതായി ഡോൺ ന്യൂസ് ടിവി റിപ്പോർട്ട് ചെയ്തു
ഭൂകമ്പത്തെ തുടർന്ന് കെട്ടിടം തകർന്നതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർക്ക് പരിക്കേറ്റതായി ദുനിയ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ മിർപൂരിലെ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയതായി പാകിസ്ഥാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Discussion about this post