വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാര്‍ ചിങ്ങം ഒന്നാം തീയ്യതി ഒപ്പുവയ്ക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും സ്താന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാലു വര്‍ഷമാണ് കരാര്‍ കാലാവധിയെങ്കിലും കഴിവതും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കിയതായി തുറമുഖ വകുപ്പ് വകുപ്പു മന്ത്രി കെ ബാബു അറിയിച്ചു.
പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നവംബര്‍ ഒന്നാം തീയ്യതി നടക്കുമെന്നും മന്ത്രി പറഞ്ഞു.നിര്‍മ്മാണത്തിനുള്ള പാറക്കഷ്ണങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും കൊണ്ടു വരാന്‍ തടസ്സമുള്ളതിനാല്‍ ക്വാറി അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്നും ക്വാറി സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. കാബോട്ടാഷ് നിയമത്തില്‍ ഇളവു നല്കുന്ന കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉമ്മന്‍ ചാണ്ടി ഇന്നു തന്നെ കത്തയക്കുമെന്നും കെ ബാബു അറിയിച്ചു.125 കോടി രൂപ കെട്ടിവച്ചുകൊണ്ടാണ് കരാര്‍ ഒപ്പിടുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനം പൂര്‍ത്തിയായി. ശേഷിച്ച ഭൂമി ഏറ്റെടുക്കല്‍ നിര്മ്മാണോത്ഘാടനത്തിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ എത്രയും വേഗം എടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരു റിസോര്‍ട്ട് ഉടമ മാത്രമാണ് സ്ഥലം വിട്ടു നല്കാന് സമ്മതം അറിയിക്കാത്തത് സ്ഥലം വിട്ടുകൊടുക്കാന്‍ റിസോര്‍ട്ട് ഉടമ തയ്യാറായില്ലെങ്കില്‍ നിയമപരമായ നടപടികളെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് കരണ്‍ അദാനി അറിയിച്ചു. നടപടി ക്രമങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക എന്ന് എംപി ശശി തരൂര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ വകുപ്പു മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി, വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടര്‍ എസ് സുരേഷ് ബാബു എന്നിവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Discussion about this post