ഡല്‍ഹി: താന്‍ സയന്റിസ്റ്റ് ബാബയാണെന്ന് സ്വയം വിശേഷിപ്പിച്ച് മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ ബാബാ രാംദേവ്. രാജ്യത്തെ ഐ.ഐ.ടികളെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ‘ഉന്നത് ഭാരത് അഭിയാന്റെ’ കൂടിയാലോചനയില്‍ രാംദേവ് പങ്കെടുത്തിരുന്നു.ഇത് വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. താന്‍ ഒരു സയന്റിസ്റ്റ് ബാബയാണ്. അതിനാല്‍ പരിപാടിയുടെ ഭാഗമായ തന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം വാദിച്ചു.
താന്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തിലാണ്. ശാസ്ത്രത്തെ യോഗയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് ഇതുവരെ ചെയ്തുവന്നത്. അതുകൊണ്ടു തന്നെ സസ്യശാസ്ത്രത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും തന്നോട് സംസാരിക്കാമെന്നും രാംദേവ് അറിയിച്ചു . ഉന്നത് ഭാരത് അഭിയാനു വേണ്ടി സംഭാവന ചെയ്ത 200 കോടി രൂപയെക്കുറിച്ചാണ് മാദ്ധ്യമങ്ങള്‍ സംസാരിക്കുന്നത്. എന്നാല്‍ കര്‍ഷകരുടെ സഹായത്തിനായി 500 കോടി രൂപയോളം ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. സ്വവര്‍ഗാനുരാഗം ഭേദമാക്കാനുള്ള വൈദഗ്ധ്യവും തനിക്കുണ്ടെ്. ആണ്‍കുഞ്ഞ് ജനിക്കാനുള്ള ഔഷധവും തന്റെ കമ്പനി നിര്‍മ്മിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെയാണ് രാംദേവ് ബന്ധപ്പെട്ടിരിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. രാംദേവ് മുഖ്യാതിഥിയായ പ്രഥമകൂടിയാലോചനായോഗത്തില് സാങ്കേതിക വിദഗ്ദര്‍ എന്ന നിലയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണ് പങ്കെടുത്തതെന്ന് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പദ്ധതിയില്‍ സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
Discussion about this post