ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐഎസ്ആർഒ നടത്തുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും ഉൾപ്പടെ 14 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒയുടെ സ്വന്തം പിഎസ്എൽവി വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. പിഎസ്എൽവി സി–47 റോക്കറ്റിൽ 13 ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ളതായിരുന്നു. കൂടെ ഇന്ത്യയുടെ കാർട്ടോസാറ്റ് 3 സാറ്റലൈറ്റും വിക്ഷേപിച്ചു.27 മിനിറ്റ് സമയം കൊണ്ടാണ് ഉപഗ്രഹങ്ങളെ വിവിധ ഓർബിറ്റുകളിൽ എത്തിച്ചത്.
പിഎസ്എൽവി–സി47 ൽ 13 അമേരിക്കൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചതെങ്കിൽ അടുത്ത വിക്ഷേണത്തിൽ യൂറോപ്പിൽ നിന്നുള്ള കൂടുതൽ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉണ്ടാകുമെന്നാണ് അറിയുന്നത്.
2020ൽ ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണത്തിൽ നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. സൗത്ത് അമേരിക്കൻ രാജ്യങ്ങളെല്ലാം കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയെയാണ് സമീപിക്കുന്നത്. നാസ, സ്പെയ്സ് എക്സ്, ഇഎസ്എ തുടങ്ങി ബഹിരാകാശ ഏജൻസികളേക്കാൾ കുറഞ്ഞ നിരക്കും വിശ്വാസ്യതയുമാണ് ഐഎസ്ആർഒയെ മുന്നിലെത്തിച്ചത്. 2014 ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐഎസ്ആർഒയുടെ ഗ്രേഡ് കുത്തനെ ഉയർന്നു. ഇതോടെയാണ് വിദേശ രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കാൻ തുടങ്ങിയത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 28 രാജ്യങ്ങളിൽ നിന്നുള്ള 310 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതിൽ 202 ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ളതായിരുന്നു. നാസയ്ക്ക് പുറമേ സ്വകാര്യ വിക്ഷേപണ കേന്ദ്രം സ്പെയ്സ് എക്സ് വരെ ഉണ്ടായിട്ടും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ കമ്പനികളും ഏജൻസികളും ഐഎസ്ആർഒയെ പിന്തുടരുന്നത്.
ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ രാജ്യം കൈവരിച്ചത് വൻ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇന്ത്യയുടെ ഐഎസ്ആർഒയും അതിവേഗം കുതിക്കുകയാണ്.
Discussion about this post