മലപ്പുറം:കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി എയര്‍ ഇന്ത്യയുടെ കൊള്ള വീണ്ടും. വര്‍ഷത്തിലൊരിക്കല്‍ വീട്ടുകാരോടൊപ്പം റംസാനും ഓണവും കൂടാന്‍ നാട്ടിലെത്താന്‍ നാലിരട്ടി വരെ ടിക്കറ്റ് ചാര്‍ജ് നല്കിയ ഗള്‍ഫ് മലയാളികളാണ് തിരിച്ചുപോകുമ്പോഴും ഇതേ ചൂഷണത്തിന് ഇരയാകുന്നത്. സെപ്തംബര്‍ പകുതിവരെ ഇത് തുടരുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.
ഓരോ ദിവസവും ടിക്കറ്റ് നിരക്കില്‍ വലിയ വ്യത്യാസമാണു കാണപ്പെടുന്നത്.അവധി കഴിഞ്ഞ് തിരിച്ചുപോക്ക് വൈകിയാല്‍ ജോലിവരെ നഷ്ടപ്പെടാമെന്നതിനാല് നിരക്ക് എത്ര കൂട്ടിയാലും പ്രവാസികള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യയ്ക്ക് നന്നായറിയാം. അത് പരമാവധി മുതലാക്കുകയാണ് ഇവര്‍.
കോഴിക്കോട്ട് നിന്ന് ഇന്ന് ദുബായിലേക്ക് 12,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമ്പോള്‍ നാളെ 15,000വും മാസാവസാനം 19,400രൂപയും നല്‍കണം. ആഗസ്റ്റിലെ ആദ്യ ആഴ്ചയില്‍ ടിക്കറ്റ് നിരക്ക് 20,000 ആകും. 15നു ശേഷം കാല് ലക്ഷം കൊടുക്കണം. 21ന് 42427 രൂപയും, 24ന് 34000 രൂപയും, 28ന് 30000 രൂപയുമാണ്.
സെപ്തംബറിലെ ആദ്യ ആഴ്ചകളില്‍ 30,000ത്തിനും 25,000ത്തിനും ഇടയ്ക്കെങ്കില്‍ മാസാവസാനം 17,000 രൂപയിലേക്കിത് താഴുന്നു. യാത്രക്കാര്‍ കുറയുന്ന ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 12,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.
ഷാര്‍ജയിലേക്ക് ഇന്ന് 11,856 രൂപയെങ്കില്‍ ആഗസ്റ്റ് പകുതിയോടെ 23,000 രൂപയായി അത് ഉയരുന്നു. ആഗസ്റ്റ് അവസാനം 41,000 രൂപ നല്‍കണം. സെപ്തംബറിലിത് 30,000 രൂപയായും 15ന് ശേഷം പകുതിയായും കുറയുന്നു. ഒക്ടോബറില്‍ 13,000ത്തിലേക്ക് താഴും.
മസ്കറ്റിലേക്ക് ഇന്ന് 22,000 രൂപയും നാളെ 26,000 രൂപയുമാണ്. മാസാവസാനം 33,500 രൂപ. ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. തൊട്ടടുത്ത ദിവസം 19,000ത്തിലേക്കും ആഗസ്റ്റ് പകുതിയോടെ 17,000 രൂപയിലേക്കുമെത്തുന്നു. സെപ്തംബറിലും ഇതേനിരക്കാണ്.
കുറഞ്ഞ ചെലവില്‍ യാത്രയെന്ന് വിശ്വസിപ്പിച്ച് തുടങ്ങിയ എയര്‍ഇന്ത്യ എക്സ്പ്രസില്‍ ദമാമിലേക്ക് ഇന്ന് 12,000 രൂപയും മാസാവസാനം 14,000 രൂപയുമാണ്. ആഗസ്റ്റ് ഒന്നിന് 19,000 രൂപയായും മാസം പകുതിയെത്തുമ്പോള്‍ 27,000 രൂപയായും ഉയരുന്നു. സെപ്തംബര്‍ അവസാനം 16,000ത്തിലേക്കും ഒക്ടോബറില്‍11,000 രൂപയുമായി ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യും.
ബഹറിനിലേക്ക് ഇന്ന് 16,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമ്പോള്‍ നാളെ 3500 രൂപ അധികം നല്‍കണം. ആഗസ്റ്റില്‍ 33,000 രൂപ വരെയാകും. ദോഹയിലേക്ക് ഇന്ന് 14000 രൂപയും ആഗസ്റ്റില്‍ 18000 രൂപയുമാണ്. സെപ്തംബറില്‍ 27,000 വരെ ഉയരും. മസ്കറ്റിലേക്ക് ഈ മാസം 19,000 രൂപയും ആഗസ്റ്റില്‍ 22,000 രൂപയുമാണ്. സലാലയിലേക്ക് 27,000 രൂപ നല്‍കേണ്ടപ്പോള്‍ സെപ്തംബര്‍ അവസാനത്തില്‍ 15,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.
്
Discussion about this post