ദോഹ: കമ്പ്യൂട്ടര്‍ സൃഷ്ടിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ലോകം ക്ലാസ് മുറികളില്‍ എത്തിക്കാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി തയ്യാറാകുന്നു. രണ്ട് ദശലക്ഷം റിയാല്‍ മുടക്കിയാണ് വിര്‍ച്വല്‍ റിയാലിറ്റി ലാബ് ഇവിടെ ഒരുക്കിയത്.
പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ നല്‍കാനാണ് ഇത്തരത്തില്‍ ലാബ് തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മൊഹമ്മദ് അലി ഹമ്മാമി ദോഹ ന്യൂസിനോട് പറഞ്ഞു. വി.ആറിന്റെ സാധ്യതകള്‍ പഠിപ്പിക്കാനാണ് പുതിയ ലാബ് കൊണ്ട് ലക്ഷ്യമിടുന്നത്. എന്‍ജിനീയറിങ്ങിലും ആര്‍ക്കിടെക്ചറിലും കണക്കിലും മറ്റു വിദ്യാഭ്യാസരംഗത്തും വി അറിനു പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് തങ്ങളുടെ പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.
ആറ് വലിയ സ്‌ക്രീനും 37 പ്രൊജക്ടറും ഉള്‍പ്പെട്ട വി.ആര്‍. സംവിധാനവുമായാണ് ഖത്തര്‍ ഈ രംഗത്തേക്ക് കാലെടുത്ത് വെച്ചത്. ആറ് വര്‍ഷം മുമ്പേ സൗദി അറേബ്യയിലെ കിങ് ഫൈസല്‍ സര്‍വകലാശാലയില്‍നിന്നാണ് ഇത് വാങ്ങിയത്.
ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ 13ാം നമ്പര്‍ കെട്ടിടത്തിലാണ് വി.ആര്‍. സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഭാഗത്തും പ്രൊജക്ടറും സ്‌ക്രീനും ട്രാക്കറും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകന് അതിനുള്ളില്‍ കയറി വിര്‍ച്വല്‍ റിയാലിറ്റി ലോകം ആസ്വദിക്കാനും അവസരമുണ്ടാകും.
വി.ആര്‍. സാങ്കേതികവിദ്യ സാധാരണയായി കച്ചവടതന്ത്രങ്ങളുടെ ഭാഗമായാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ അതിന്റെ പ്രായോഗിക വശങ്ങള്‍ നന്നായി ഉപയോഗിക്കപ്പെടണമെന്ന് ഹമ്മാമി പറഞ്ഞു. എന്‍ജിനീയറിങ്ങില്‍ ഗവേഷണസമയത്തും മാതൃകകള്‍ തയ്യാറാക്കുമ്പോഴും വി.ആറിന്റെ സാധ്യതകള്‍ നന്നായി ഉപയോഗിക്കുന്നത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കെട്ടിടത്തിന്റെ മൂലരൂപം ഉണ്ടാക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടിവരും. എന്നാല്‍, വി.ആര്‍. ഉപയോഗിച്ചാല്‍ ചെലവ് ആയിരം മടങ്ങ് കുറയും എന്ന് മാത്രമല്ല, അതിന്റെ പോരായ്മകള്‍ പരിഹരിക്കാനും കഴിയുമെന്നും ഹമ്മാമി പറഞ്ഞു.
അഞ്ചും പത്തും മാതൃകകള്‍ ഉണ്ടാക്കി പണം വെറുതേ കളയണ്ട. വി.ആര്‍. സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റങ്ങളെല്ലാം പരിഹരിച്ച് ഒറ്റ മാതൃക ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറയുന്നു. വി.ആറിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കേണ്ടതുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് അതിന്റെ ഗുണങ്ങള്‍ പൂര്‍ണമായും ലഭ്യമാക്കേണ്ടതുണ്ടെന്നും ഹമ്മാമി പറയുന്നു.
2022 ലോകകപ്പ് ഫുട്‌ബോള്‍ ഒരുക്കത്തിനിടയിലും വി.ആറിന് നല്ല സാധ്യതകള്‍ ഹമ്മാമി കാണുന്നു. സ്റ്റേഡിയങ്ങള്‍ ഒരുക്കുന്നവര്‍ക്കും കളിക്കാര്‍ക്കും കാണികള്‍ക്കും പുതിയ അനുഭവം സൃഷ്ടിക്കാന്‍ വി.ആറിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post