ഐസിസിയുടെ 2019ലെ അവസാന ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കോഹ്ലി റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ന്യൂസിലാൻഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്ത് നിറം മങ്ങിയതോടെ കോഹ്ലിക്ക് വെല്ലുവിളികൾ ഇല്ലാതാകുകയായിരുന്നു.
2019ൽ എട്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 68 റൺസ് ശരാശരിയിൽ കോഹ്ലി 612 റൺസ് നേടി. കോഹ്ലിക്ക് 928 പോയിന്റ് ഉണ്ട്. ഈ വർഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും മിന്നുന്ന പ്രകടം കാഴ്ചവെച്ച കോഹ്ലി 2455 റൺസുമായി ഇന്ത്യൻ താരം രോഹിത് ശർമ്മയെ പിന്തള്ളി ഒന്നാമതെത്തിയിരുന്നു.
ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ കോഹ്ലിക്ക് പിന്നിൽ സ്റ്റീവൻ സ്മിത്ത് രണ്ടാമതും ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്ല്യംസൺ മൂന്നാമതുമുണ്ട്. ഓസ്ട്രേലിയൻ താരം മാർനസ് ലബൂഷെയ്ൻ നാലാമതും ഇന്ത്യൻ താരം ചേതേശ്വർ പുജാര അഞ്ചാമതുമാണ്.
ബൗളർമാരിൽ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. പരിക്ക് മൂലം കഴിഞ്ഞ രണ്ട് പരമ്പരകൾ നഷ്ടമായ ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര ആറാമതുണ്ട്. നേരത്തെ പുറത്തിറങ്ങിയ ടെസ്റ്റ് ടീമുകളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ മേധാവിത്വം തുടരുന്നു.
Discussion about this post