തിരുവനന്തപുരം: സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്കൂളിന് സമീപം ടി.എസ്.നിവാസില്‍ അഷിത എല്‍.വിജയനാണ് (27) മരിച്ചത്. ചികിത്സപ്പിഴവാണെന്ന് കാട്ടി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്കി.
വയറ്റിലെ മുഴ നീക്കം ചെയ്യാനാണ് ഞായറാഴ്ച അഷിതയെ ഉള്ളൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറായിട്ടും അബോധാവസ്ഥ മാറിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തന്നെ ആവശ്യപ്പെട്ടു. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കിയതിന്റെ പിഴവാണ് മരണകാരണമെന്നാണ് അഷിതയുടെ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഭര്‍ത്താവ് രജനീഷ് രഘുനാഥ് ദുബായില്‍ എന്‍ജിനീയറാണ്. ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു അഷിത. അവിടെവച്ച് നടത്തിയ പരിശോധനയിലാണ് ഉദരത്തില്‍ മുഴ കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. അച്ഛന്: പരേതനായ വിജയന്. അമ്മ : ലീന. സഹോദരി: അഞ്ജിത.
Discussion about this post