മുനിമാരുടെ തപജപാദികള്‍ മുടക്കാന്‍ അപ്‌സരസ്സുകള്‍ എത്തുന്നത് പുരാണങ്ങളിലുണ്ട്. എന്നാലതൊരു പൂച്ചയായാലോ? തായ്‌ലന്‍ഡിലെ ഒരു ബുദ്ധവിഹാരത്തിലാണ് സംഭവം. സാധാരണ പൂച്ചകളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ എപ്പോഴും വൈറലാകുമ്പോള്‍ അതേക്കാള്‍ പ്രശസ്തമായി മുഖ്യധാരാമാദ്ധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയാവുകയാണ് സന്യാസിയോടുള്ള പൂച്ചയുടെ ഈ സ്‌നേഹപ്രകടനം.
പുതുവര്‍ഷാരംഭത്തില്‍ അഞ്ചുമണിയ്ക്കൂര്‍ നീളുന്ന ജപമാണ് ബുദ്ധസന്യാസികളുടെ ഈ മഠത്തിലെ പതിവ്. ജപത്തിനിടെയാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു പൂച്ച വേദിയില്‍ കയറിപ്പറ്റിയത്. അത് വേഗം തന്നെ ഒരു സന്യാസിനെ മുട്ടിയുരുമ്മി ശല്യപ്പെടുത്താന്‍ തുടങ്ങി. തായ്‌ലാന്‍ഡില്‍ ബുദ്ധവിഹാരങ്ങളോടനുബന്ധിച്ച് ധാരാളം പൂച്ചകളെ കാണാറുണ്ട്. ഭക്തന്മാരും സന്യാസിമാരും അവയ്ക്ക് ഭക്ഷണം നല്‍കുമെന്നതിനാലാണ് അവ മഠങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്നത് അതിലൊന്നാണ് ഈ സന്യാസിയുടെ ദേഹത്ത് കയറിപ്പറ്റിയത്.
ജപത്തില്‍ ശ്രദ്ധിച്ചിരുന്ന സന്യാസി ആദ്യമൊക്കെ പൂച്ചയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും അത് പോയതേയില്ല. കൂടുതല്‍ ഇണക്കം കാണിച്ച് ദേഹത്തേക്ക് കയറിപ്പറ്റി സൂക്തങ്ങള്‍ വായിയ്ക്കാന്‍ പോലും തടസ്സമായി നിന്നതോടെ ജപമൊക്കെ നിര്‍ത്തി സന്യാസി അതിനെ താലോലിക്കാന്‍ തുടങ്ങി. ‘സൂക്തങ്ങള്‍ ജപിക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് പക്ഷേ കഴിഞ്ഞില്ല. എന്റെ ശ്രദ്ധ മുഴുവന്‍ പൂച്ചയിലായിക്കഴിഞ്ഞിരുന്നു’. ഇരുപത്തഞ്ചുകാരനായ സന്യാസി ലുവാങ് പി കോംകൃത് തയിചചടൊ പറഞ്ഞു.
വീഡിയോ കാണാം.













Discussion about this post