കൊച്ചി; മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുന്നത് തുടരുന്നു. രാവിലെ 11.03ന് അവസാന സൈറൺ മുഴങ്ങിയതോടെ കായലോരത്തെ മൂന്നാമത്തെ ഫ്ളാറ്റ് സമുച്ചയമായ ജെയ്ൻസ് കോറൽകോവും നിമിഷങ്ങൾക്കകം നിലം പൊത്തി.
ഫ്ളാറ്റ് പൊളിക്കുന്നത് നേരിട്ട് കാണാനും ക്യാമറയിൽ പകർത്താനും വലിയ ജനക്കൂട്ടം സുരക്ഷാ വേലിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നു. വലിയ തോതിൽ പൊടിപടലങ്ങൾ ഉയർന്നു പൊങ്ങിയതോടെ അഗ്നിശമനസേന വെള്ളം തളിച്ച് പൊടിയടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
10.30നാണ് ആദ്യ സൈറൺ മുഴങ്ങിയത്. 10.55ന് രണ്ടാമത്തെയും 11.01ന് അവസാനത്തെയും സൈറണുകൾ മുഴങ്ങി. കൃത്യം 11.03ന് ഫ്ളാറ്റ് നിലം പരിശായി. 17 നിലകളിലായി 122 അപ്പാർട്മെന്റുകളായിരുന്നു ജെയ്ൻസ് കോറൽ കോവിലുണ്ടായിരുന്നത്. ഇവ തകർക്കാൻ 400 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ജെറ്റ് ഡിമോളിഷൻ കമ്പനിയ്ക്കായിരുന്നു പൊളിയ്ക്കലിന്റെ ചുമതല.
ഉച്ചയ്ക്ക് രണ്ട് മണിയോടെ നാലാമത്തെ ഫ്ളാറ്റായ ഗോൾഡൻ കായലോരം കൂടി പൊളിക്കുന്നതോടെ സംസ്ഥാന ചരിത്രത്തിലെ അത്യപൂർവ്വ ദൗത്യമായ മരട് ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയാകും.
Discussion about this post