പാകിസ്ഥാനില്‍ സൈന്യത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഉന്നത പൗരാവകാശ പ്രവര്‍ത്തകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്വെച്ചാണ് അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍ ഗൂഡാലോചന, രാജ്യദ്രോഹം എന്നിവ ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങളാണ് മന്‍സൂര്‍ അഹ്മദിനെതിരെ ചുമത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമായ പഷ്തൂണുകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പഷ്തൂണ്‍ തഹഫുസ് പ്രസ്ഥാനത്തിന്റെ (പിടിഎം) പ്രമുഖ നേതാവാണ് 28 കാരനായ മന്‍സൂര്‍ അഹ്മദ്.
പട്ടാളത്തിനെതിരെ തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത തിരോധാനം എന്നിവയുള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പാകിസ്ഥാന് താലിബാനുമായി രഹസ്യമായി സഖ്യമുണ്ടാക്കുന്നുവെന്നും പരസ്യമായി ആരോപിക്കുന്ന ശക്തനായ നേതാവാണ് മന്‍സൂര്‍ അഹ്മദ്. അതിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ പിടിഎം ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കി പ്രതിഷേധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന് സര്‍ക്കാര്‍ സൈന്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ കുപ്രസിദ്ധമാണ്. ഇമ്രാന് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, സൈന്യത്തെ വിമര്‍ശിക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം കൂടുതല്‍ ലക്ഷ്യം വയ്ക്കുകയും നിശബ്ദമാക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നതായി ആരോപണമുണ്ട്.
നീതിക്കായി പോരാടുന്ന ഒരു അഹിംസാത്മക സംഘമാണ് പിടിഎമ്മെന്ന് അറസ്റ്റുചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ‘ദി ഗാര്ഡിയന്’ നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, സാധാരണക്കാരെ കാണാതാകുന്ന സംഭവങ്ങള്‍ തുടങ്ങിയവ അന്വേഷിക്കാന്‍ ഒരു ‘ട്രൂത്ത് കമ്മീഷന്’ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ‘മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഞങ്ങള്‍ എതിരാണ്. ഭീകരതയ്ക്കെതിരായ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന പഷ്തൂണ്‍ ന്യൂനപക്ഷത്തിന് നീതി ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ലക്ഷ്യം’- മന്‍സൂര്‍ അഹ്മദ് വ്യക്തമാക്കി.
Discussion about this post