ഡൽഹി: കൊറോണ ഭീതിയിൽ പകച്ചു നിൽക്കുന്ന പൗരന്മാർക്ക് ആശ്വാസമായി ശക്തമായ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇന്നു രാവിലെ ആദ്യ വിമാനത്തിൽ 324 ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ എത്തിച്ചിരുന്നു.
വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാൻ ലോകരാജ്യങ്ങൾ കിണഞ്ഞ് ശ്രമിക്കുമ്പോഴും വിഷയത്തിൽ അനങ്ങാപ്പാറ നയം തുടരുകയാണ് പാകിസ്ഥാൻ. പാക് സർക്കാർ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒട്ടേറെ പാക്ക് വിദ്യാർഥികൾ വുഹാനിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ നാലോളം വിദ്യാർഥികൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിട്ടും സ്വന്തം പൗരന്മാരെ തിരികെയെത്തിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പാകിസ്ഥാന്റെ നിലപാട് അന്താരാഷ്ട്ര തലത്തിൽ വിമർശനത്തിനും പരിഹാസത്തിനും വിധേയമാകുകയാണ്.










