ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ നിരാകരിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രതികളുടെ ശിക്ഷ വൈകരുതെന്നും ആവശ്യമെങ്കില്‍ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.
ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. വധശിക്ഷ നീണ്ടു പോകുന്നതില്‍ പൊതുസമൂഹത്തിനുള്ള അതൃപ്തിയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കേന്ദ്രത്തിന്റെ വാദം. അതേസമയം നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന് കോടതി വ്യക്തമാക്കി.
തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്. പ്രതികളില്‍ മുകേഷ്, വിനയ് എന്നിവര്‍ക്ക് വധശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞുകഴിഞ്ഞു.
Discussion about this post