കറാച്ചി: പതിന്നാല് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായ വിധിയുമായി പാകിസ്ഥാൻ കോടതി. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നാണ് സിന്ധ് കോടതിയുടെ കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്നയാൾ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും നിര്‍ബന്ധ വിവാഹത്തിന് വിധേയയാക്കുകയുമായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാൽ സിന്ധ് കോടതിയുടെ വിധി തങ്ങളുടെ പ്രതീക്ഷകൾ തകർത്തതായി ഇവർ വ്യക്തമാക്കുന്നു.
സിന്ധ് കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ പ്രായപൂര്‍ത്തിയായില്ലെങ്കിലും പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം സാധുവാണെന്നാണ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
2014ല്‍ പുറത്തിറങ്ങിയ സിന്ധ് പ്രവിശ്യയിലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമല്ല കോടതി വിധിയെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ആരോപിച്ചു. 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം തടയുന്നതിനായി 2014ല്‍ ഇവിടെ നിയമം പാസാക്കിയിരുന്നു. പെണ്‍കുട്ടിക്ക് 14 വയസ്സുമാത്രമേയുള്ളൂവെന്ന രേഖകള്‍ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു.
പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾ കടുത്ത അനീതി നേരിടുന്നതായി ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഹിന്ദു, കൃസ്ത്യൻ, ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗത്തിൽ പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ പാക് ഭരണകൂടവും നിയമസംവിധാനവും നടത്തുന്ന കടന്നു കയറ്റങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.
Discussion about this post