മുംബൈ: മാരകമായ കൊറോണ വൈറസ് ബാധ സംഹാര താണ്ഡവമാടുന്ന ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹവാല ഇടപാടുകളിൽ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. ചൈനയിൽ നിന്നും ഹോങ്കോങ് വഴി ഇന്ത്യയിലേക്കുള്ള കള്ളക്കടത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഏറെക്കുറെ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. വൈറസ് ബാധയെ തുടർന്ന് യാത്രാവിലക്കുകൾ നിലനിൽക്കുന്നതാണ് കള്ളക്കടത്തുകാർക്ക് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.
രാസവസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും പോലുള്ള ചില്ലറ വസ്തുക്കൾ ചൈനയിൽ നിന്നും നികുതി വെട്ടിച്ചും ഹവാല റൂട്ടുകൾ വഴിയും ഇന്ത്യയിലേക്ക് കടത്തുന്ന സംഘങ്ങൾ മുൻപ് സജീവമായിരുന്നു. യഥാർത്ഥ വിലയുടെ പത്തോ ഇരുപതോ ശതമാനം മാത്രമായിരുന്നു ഇവർ ബില്ലിൽ കാണിച്ചിരുന്നത്. ബാക്കി തുക ഹവാല സംഘങ്ങൾ വഴിയോ ചില്ലറ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിലൂടെയോ ആയിരുന്നു വസൂലാക്കിയിരുന്നത്.
ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി രാസവസ്തുക്കൾ ഇറക്കുമതി ചെയ്തിരുന്ന ഫാക്ടറികൾ എല്ലം നിലവിൽ പൂട്ടിയ അവസ്ഥയിലാണ്. അവ എത്രകാലം ഇങ്ങനെ തുടരും എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. പണം കടത്തുന്ന വ്യക്തികൾ മുഖാന്തിരം ലാഭമുണ്ടാക്കിയിരുന്ന എല്ലാ ഇടപാടുകളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ചൈനയിൽ നിന്നും ഹോങ്കോംഗിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കിയത് ഇവർക്ക് തിരിച്ചടിയായിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post