കോട്ടയം: ഐ.ജി ടി.ജെ.ജോസ് കോപ്പിയടിച്ചെന്ന് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്. മെയ് നാലിന് കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന എല്‍.എല്‍.എം. പരീക്ഷയിലാണ് ഐ.ജി കോപ്പിയടിച്ചത്. പരമാവധി മൂന്നുവര്‍ഷം വരെ പരീക്ഷയില്‍ നിന്ന് ഡീബാര്‍ ചെയ്യാവുന്ന രണ്ട് കുറ്റങ്ങള്‍ ഐ.ജി ചെയ്തുവെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. കോപ്പിയുമായി പരീക്ഷാ ഹാളില്‍ കയറി, പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടിട്ടും കോപ്പി കൈമാറാന്‍ തയാറായില്ല എന്നീ കുറ്റങ്ങളാണ് ടി.ജെ ജോസിനെതിരെ ചുമത്തിയിരിക്കുന്നത്.
സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് പ്രോ വൈസ് ചാന്‍സലര്‍ക്ക് കൈമാറി. അടുത്ത സിന്‍ഡിക്കേറ്റ് യോഗം ഐ.ജിക്കെതിരെ സ്വീകരിക്കേണ്ട നടപടി ചര്‍ച്ചചെയ്യും. ഐ.ജിയുടെ വിശദീകരണം തേടിയ ശേഷമായിരിക്കും നടപടി കൈക്കൊള്ളുക. സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങളില്‍ പങ്കെടുത്ത ആറ് അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനത്തിലെത്തിയത്. സംഭവം നടന്നതിന് പിന്നാലെ എം.ജി. സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറും കോപ്പിയടി സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് വി.സി ഉപസമിതിയെ നിയോഗിച്ചത്
Discussion about this post