ചാനല്‍ നിരോധനത്തെ സംബന്ധിച്ച് വിശദീകരണവുമാ.ി ഏഷ്യാനെറ്റ് ന്യൂസ്.ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വര്‍ഷത്തെ സേവനകാലത്തിനിടയില്‍ ഇതാദ്യമായിട്ടാണെന്ന് കുറിപ്പില്‍ ചാനല്‍ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
ഈ നടപടി ഒരു തെറ്റിദ്ധാരണാപ്പുറത്തുണ്ടായതാണെന്നും, ഇത് സംബന്ധിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് വന്നിരിക്കാന്‍ സാധ്യതയുള്ള ഏതൊരു പിഴവും പരിഹരിക്കാന്‍ വേണ്ടത് ഉടനടി ചെയ്യും എന്നുമുള്ള മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ആശാവഹമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നാണ് എന്നുറപ്പിച്ചുപറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു എന്നറിയിക്കയുണ്ടായെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റവും നീതിയുക്തമായി, കൃത്യമായി, സത്യസന്ധമായി, ഇന്നാട്ടിലെ നിയമങ്ങള്‍ക്ക് അനുസൃതമായിത്തന്നെ നിറവേറ്റുമെന്ന വാഗ്ദാനം ഇത്തരുണത്തില്‍ പ്രേക്ഷകരോടും, ഗവണ്മെന്റിനോടും ഒരിക്കല്‍ കൂടി ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറയുന്നു.
വിശദീകരണത്തിന്റെ പൂര്‍ണരൂപം-
കഴിഞ്ഞ 25 വര്‍ഷക്കാലമായി മാധ്യമപ്രവര്‍ത്തനത്തിലും വാര്‍ത്താപ്രക്ഷേപണത്തിലും ഉന്നതമായ നിലവാരം പുലര്‍ത്തിവരുന്ന ഒരു സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്.
ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വര്‍ഷത്തെ സേവനകാലത്തിനിടയില്‍ ഇതാദ്യമായിട്ടാണ്.
ഈ രാജ്യത്തെ ഏതൊരു പൗരന്മാരെയും, സ്ഥാപനങ്ങളെയും പോലെ നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രം പ്രവര്‍ത്തിച്ചു പോരുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. ബോധപൂര്‍വം, ഒരിക്കല്‍ പോലും നിയമവിരുദ്ധമായി യാതൊന്നും തന്നെ ഞങ്ങള്‍ ഇന്നോളം ചെയ്തിട്ടില്ല. ഇനി അഥവാ എന്നെങ്കിലും എന്തെങ്കിലുമൊരു കൃത്യവിലോപം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ തന്നെ, ജനാധിപത്യത്തിന്റെ ഉത്തരവാദിത്തബോധമുള്ള നാലാം നെടുംതൂണ്‍ എന്ന നിലയ്ക്ക്, അത് തുറന്നു സമ്മതിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനുമുള്ള ആര്‍ജ്ജവവും ഞങ്ങള്‍ക്കുണ്ട്. തികഞ്ഞബോധ്യത്തോടെ തന്നെ സ്വധര്‍മ്മം അനുഷ്ഠിക്കുന്നവരാണ് ഞങ്ങള്‍.
ഇന്ത്യയില്‍ ആരെയും കുറ്റവാളിയെന്നോ നിരപരാധിയെന്നോ പ്രഖ്യാപിക്കുന്നതിന് മുമ്പ്, നിയമം അനുശാസിക്കുന്ന ഒരു പ്രക്രിയയിലൂടെ കടന്നു പോകാനുള്ള അവകാശം, അവര്‍ക്ക് നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ ഉണ്ട്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഞങ്ങളുടെ ചാനലിനുമേല്‍ 48 മണിക്കൂര്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടി സ്വീകരിക്കും മുമ്പ് അങ്ങനെയൊരു പ്രക്രിയക്കുള്ള അവകാശം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ആ പ്രക്രിയ കൂടാതെ അടിച്ചേല്‍പ്പിക്കുന്ന ഏതൊരു നിരോധനവും സ്വാഭാവിക നീതിയുടെ ഉല്ലംഘനമാണ്. അത് സമ്മര്‍ദ്ദതന്ത്രങ്ങളുടെയും പക്ഷപാതിത്വപരമായ സമീപനത്തിന്റെയും മുഖമുദ്രയാണ്.
മാധ്യമപ്രവര്‍ത്തനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെയും, ഏഷ്യാനെറ്റ് ന്യൂസ്.കോമിന്റെയും ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിന്റെയും ഒക്കെ ശക്തിയെന്നത് പ്രേക്ഷകര്‍ ഞങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ്. ‘നേരോടെ, നിര്‍ഭയം, നിരന്തരം’ എന്നത് ഞങ്ങളുടെ ആദര്‍ശസൂക്തം മാത്രമല്ല, ഞങ്ങളുടെ പ്രൊഫഷണല്‍ എത്തിക്‌സിന്റെയും, നിത്യം പരിപാലിച്ചുപോരുന്ന മാധ്യമധര്‍മ്മത്തിന്റെയുമൊക്കെ അടിസ്ഥാനതത്വം കൂടിയാണ്. ഇനിയങ്ങോട്ടും അത് ഒരു വിട്ടുവീഴ്ചയും കൂടാതെ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്ന് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി വാക്കുതരുന്നു.
നമ്മുടെ ഭരണഘടനയുടെ ‘ആര്‍ട്ടിക്കിള്‍ 19’ നമുക്കെല്ലാവര്‍ക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുതരുന്നുണ്ട്. സ്വതന്ത്രവും, സ്വച്ഛന്ദവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ അസ്തിവാരമുറപ്പിക്കുന്നത്. ഈ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള അന്യായമായ ഏതൊരു നീക്കവും നമ്മുടെ ജനാധിപത്യവും ഭരണഘടനയും വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെയും അടിസ്ഥാനമൂല്യങ്ങളുടെയും അടിത്തറ ഇളക്കുന്നതാകും.
ഈ നടപടി ഒരു തെറ്റിദ്ധാരണാപ്പുറത്തുണ്ടായതാണെന്നും, ഇത് സംബന്ധിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് വന്നിരിക്കാന്‍ സാധ്യതയുള്ള ഏതൊരു പിഴവും പരിഹരിക്കാന്‍ വേണ്ടത് ഉടനടി ചെയ്യും എന്നുമുള്ള മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ആശാവഹമാണ്. കേന്ദ്ര സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നാണ് എന്നുറപ്പിച്ചുപറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു എന്നറിയിക്കയുണ്ടായി.
ഞങ്ങള്‍ ഈ പ്രതിസന്ധിയെ അതിജീവിക്കുന്ന ഈ ക്ലേശകരമായ അവസ്ഥയിലും ഞങ്ങളോടൊപ്പം അടിയുറച്ച വിശ്വാസത്തോടെ തുടരുന്ന ഞങ്ങളുടെ പ്രേക്ഷരുടെ പിന്തുണയ്ക്ക് ഈ അവസരത്തില്‍ ഞങ്ങള്‍ അകൈതവമായ നന്ദി അറിയിച്ചു കൊള്ളുന്നു.ഭാവിയിലും ഞങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റവും നീതിയുക്തമായി, കൃത്യമായി, സത്യസന്ധമായി, ഇന്നാട്ടിലെ നിയമങ്ങള്‍ക്ക് അനുസൃതമായിത്തന്നെ നിറവേറ്റുമെന്ന വാഗ്ദാനം ഇത്തരുണത്തില്‍ പ്രേക്ഷകരോടും, ഗവണ്മെന്റിനോടും ഒരിക്കല്‍ കൂടി അടിവരയിട്ടുറപ്പിച്ചുകൊണ്ട്,
എംജി രാധാകൃഷ്ണന്‍,
എഡിറ്റര്‍,
ഏഷ്യാനെറ്റ് ന്യൂസ്.














Discussion about this post