തിരുവനന്തപുരം: കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം അധികൃതരോട് മറച്ചുവെച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്തതെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറയുകയാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിർബന്ധിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊറോണബാധ പടരുന്ന രാജ്യങ്ങളില്‍ നിന്ന് തിരിച്ച് നാട്ടിലെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും അറിയിക്കാതിരിക്കുകയും പിന്നീട് കണ്ടുപിടിക്കാന്‍ ഇടയാവുകയും ചെയ്താല്‍ അത് കുറ്റകൃത്യമായി കണക്കാക്കി കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. അലംഭാവത്തോടെയും അശ്രദ്ധയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും ചിലരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈറസ് സ്ഥിരീകരിച്ച രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നും രോഗമുക്തി നേടിക്കഴിഞ്ഞാല്‍ ഇവര്‍ ചെയ്ത തെറ്റ് പറഞ്ഞ് ബോധ്യപ്പെടുത്തുന്നടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും 21 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ഇത്തരക്കാര്‍ക്ക് സഹായങ്ങളുമായി കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ദിശ -04712552056
ടോള്‍ഫ്രീ നമ്പര്‍- 1056.
Discussion about this post