ഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഐപിഎല്‍ മത്സരങ്ങളിലും മഞ്ജരേക്കര്‍ കമന്ററി ബോക്സിലുണ്ടാകില്ലെന്നാണു സൂചനകള്‍. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ബിസിസിഐയും മഞ്ജരേക്കറും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇപ്പോള്‍ നീട്ടി വയ്ക്കപ്പെട്ട ഏകദിന പരമ്പര മുതലാണ് മഞ്ജരേക്കറെ ബിസിസിഐ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിന മത്സരത്തില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല.
മഴമൂലം ഉപേക്ഷിച്ച മത്സരത്തില്‍ കമന്ററി പറയാന്‍ സുനില്‍ ഗവാസ്കര്‍, എല്‍. ശിവരാമകൃഷ്ണന്, മുരളി കാര്‍ത്തിക് എന്നിവരാണ് എത്തിയത്.
ലോകകപ്പിനിടെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ സംബന്ധിച്ചു മഞ്ജരേക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇന്ത്യാ-ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിനിടെ സഹ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയെ കളിയാക്കിയ മഞ്ജരേക്കറുടെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Discussion about this post