മലപ്പുറം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചു. മലപ്പുറം നഗരസഭ പരിധിയിലെ ബിവറേജസ് കോർപ്പറേഷൻറെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് മദ്യശാലകൾ അടച്ചിടാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. അടച്ചിടുന്നത് സംബന്ധിച്ച് മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ ചെയർപേഴ്സൺ സി എച്ച് ജമീല അറിയിച്ചു.
കേരളത്തിൽ കൊവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് സ്കൂളുകളും കോളേജുകളും സിനിമാശാലകളും ഉൾപ്പെടെ അടച്ചിടാൻ തീരുമാനിച്ചിരുന്നു. ക്ഷേത്രോത്സവങ്ങളും വിവാഹങ്ങളും ആരാധനകളും നിയന്ത്രിതമായാണ് നിലവിൽ സംസ്ഥാനത്ത് നടത്തുന്നത്. എന്നാൽ മദ്യശാലകൾ പൂട്ടാൻ നടപടി എടുക്കാത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
Discussion about this post