ലോക്ഡൗൺ ലംഘിച്ചതിന് ആളുകളെക്കൊണ്ട് ഏത്തമിടീച്ച സംഭവത്തിൽ, കണ്ണൂർ എസ്.പി യതീഷ് ചന്ദ്രക്കെതിരെ അന്വേഷണ റിപ്പോർട്ട്.റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് ഉത്തരമേഖല ഐ. ജി അശോക് യാദവാണ്. യതീഷ് ചന്ദ്ര, അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എസ്.പി നിയമ ലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമപരമായ രീതിയിലല്ലാതെ പ്രാകൃതമായ രീതിയിൽ പരസ്യമായി ശിക്ഷ നടപ്പാക്കിയതോടെ പോലീസിനെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയെന്നും, യതീഷ് ചന്ദ്ര സെൽഫ് പ്രമോഷന് ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
ശനിയാഴ്ച രാവിലെ കണ്ണൂർ അഴീക്കലിലായിരുന്നു വിവാദമായ സംഭവം നടന്നത്.ലോക്ഡൗണിനിടെ കൂട്ടം കൂടി നിന്ന് ആൾക്കാരെ കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീക്കുകയായിരുന്നു. തങ്ങൾ നിയമ ലംഘനം നടത്തിയെന്നും, ഇനി മേലാൽ അങ്ങനെ ചെയ്യില്ലെന്നും മാപ്പ് എഴുതി വാങ്ങുകയും ചെയ്തു. യതീഷ് ചന്ദ്രയുടെ പരസ്യമായ ശിക്ഷാനടപടിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു.പോലീസിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി താക്കീത് നൽകിയിരുന്നു.
Discussion about this post