ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. ഔദ്യോഗിക ബ്ലോഗിലൂടെ 80 കോടി ഡോളറിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍, ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു.
ലോകാരോഗ്യ സംഘടനയെ സഹായിക്കുന്നതിന് വേണ്ടിയും ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതെങ്ങനെ എന്നതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന, പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതിന് വേണ്ടി നടപടികള്‍ കൈക്കൊള്ളുന്ന നൂറിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വേണ്ടി 25 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റ് ഗൂഗിള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറുകിട-ഇടത്തര വാണിജ്യ സംരഭങ്ങള്‍ക്കായി ദുരിതാശ്വാസ ഫണ്ടുകളെയും മറ്റു സ്രോതസ്സുകളെ കുറിച്ചും പൊതുസേവന പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് കമ്മ്യൂണിറ്റി ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ 2 കോടി ഡോളറിന്റെ പരസ്യഗ്രാന്റ് നല്‍കും. ലോകത്തെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളെയും എന്‍ജിഒയെയും പിന്തുണയ്ക്കുന്നതിന് വേണ്ടി 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപ ഫണ്ട്. ചെറുകിട ബിസിനസ്സുകള്‍ക്ക് മൂലധനം കണ്ടെത്തുന്നതിന് സഹായമേകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
കൊറോണ വൈറസിനെ ചെറുക്കുന്നതിന് വേണ്ടിയുള്ള പുതിയ മാര്‍ഗങ്ങള്‍ തിരിച്ചറിയുക, രോഗപ്രതിരോധത്തിന് സാധ്യതയുള്ള ചികിത്സ, വാക്സിനുകള്‍ എന്നിവയെകുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ഗവേഷകര്‍ക്കും, അക്കാദമിക് സ്ഥാപനങ്ങള്‍ക്കും വേണ്ടി 20 ദശലക്ഷം ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post