ഡൽഹി: നിസാമുദ്ദീനിലെ തബ്‌ലിഗി ജമാഅത്ത് മര്‍ക്കസില്‍നിന്ന് ഒഴിയാന്‍ ഡല്‍ഹി പോലീസ് ആദ്യം നല്‍കിയ നിര്‍ദേശം വിശ്വാസികൾ പാലിച്ചില്ലെന്ന് സൂചന. തുടര്‍ന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ രാത്രി രണ്ടു മണിക്കു പ്രശ്‌നത്തില്‍ ഇടപെട്ടതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടർന്നായിരുന്നു അജിത് ഡോവലിന്റെ ഇടപെടൽ എന്നാണ് സൂചന.
കൊറോണ വൈറസ് വ്യാപനത്തിന് കാരണമായ മതസമ്മേളനം നടന്ന ബംഗളേ വാലി മസ്ജിദില്‍നിന്ന് മര്‍ക്കസ് നേതാവ് മൗലാന സാദിനോട് ഒഴിയാന്‍ ഡല്‍ഹി പോലീസ് നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് അജിത് ഡോവലിന്റെ ഇടപെടൽ എന്നാണ് റിപ്പോർട്ട്. മാര്‍ച്ച് 28ന് രാത്രി രണ്ടു മണിക്ക് അജിത്ത് ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി കൊറോണ ടെസ്ററിനു വിധേയനാവണമെന്നും സ്വയം സമ്പര്‍ക്കവിലക്കില്‍ പോവണമെന്നും മൗലാന സാദിനോട് നിര്‍ദേശിക്കുകയായിരുന്നു.
തെലങ്കാനയിലെ കരിംനഗറിലുള്ള ഒമ്പത് ഇന്തോനേഷ്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 18-നുതന്നെ രോഗവ്യാപന സാദ്ധ്യതയുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഇടപെടാന്‍ അമിത് ഷായുടെ നിർദ്ദേശപ്രകാരം ഡോവൽ നിയോഗിക്കപ്പെട്ടത്.
അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഡോവലിന്റെ ഇടപെടലിനു ശേഷമാണ് മാര്‍ച്ച് 27, 28, 29 തീയ്യതികളില്‍ തങ്ങളുടെ 167 പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാനും പള്ളി അണുവിമുക്തമാക്കാനും മര്‍ക്കസ് തയ്യാറായത്.
തുടർന്ന് കഴിഞ്ഞ ദിവസം മർക്കസ് ഒഴിപ്പിക്കുകയായിരുന്നു. നിസാമുദ്ദീൻ മർക്കസിലെ ആറു നില കെട്ടിടത്തിൽ താമസിച്ചിരുന്ന ആയിരത്തോളം പേരിൽ മുന്നൂറോളം പേരെ പള്ളിയിൽ തന്നെ നിരീക്ഷണത്തിലാക്കുകയും മറ്റുള്ളവരെ ആശുപത്രികളിലും മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റുകയും ആയിരുന്നു.
Discussion about this post