ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസ്സിയും അടങ്ങുന്ന സംഘത്തെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ തന്നെ ലോക്ക് ഡൗണുകൾ നിലവിലുള്ളതിനാലാണ് ഇതെന്നും ഇവർക്ക് വിസാ കാലാവധി നീട്ടി നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. വിസാ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചതായും എ കെ ബാലന്‍ വ്യക്തമാക്കി.
ജോർദാനിലെ വദിറം മരുഭൂമിയിലാണ് ഷൂട്ടിംഗ് സംഘം അകപ്പെട്ടത്. മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും വിഷയം ചർച്ച ചെയ്തതായും അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
58 പേരടങ്ങുന്ന ചലച്ചിത്ര പ്രവർത്തകരുടെ സംഘമാണ് ജോർദാനിൽ കുടുങ്ങിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ എട്ടിനാണ് നിലവിൽ വിസാ കാലാവധി അവസാനിക്കുന്നത്. അതിനാൽ തിരികെയെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിസാ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെടുന്നത്.
Discussion about this post