ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഓൺലൈൻ മാദ്ധ്യമമായ ‘ദി വയർ‘ മേധാവി സിദ്ധാർത്ഥ് വരദരാജനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമർശനം നേരിടുന്ന തബ്‌ലീഗി ജമാ അത്തിനെ ന്യായീകരിക്കാൻ വേണ്ടി യോഗി ആദിത്യനാഥിനെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നു എന്ന ആരോപണം ഉയരുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചും വാർത്ത പിൻവലിക്കാൻ സിദ്ധാർത്ഥ് തയ്യാറാകാത്തതിനെ തുടർന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാറാണ് പരാതി നൽകിയത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിലെ നെഹ്രു സ്റ്റേഡിയം ക്വാറന്റീൻ കേന്ദ്രമാക്കാൻ പോകുന്നതായി സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിനെതിരായ വ്യാജ വാർത്ത സിദ്ധാർത്ഥ് പ്രചരിപ്പിച്ചത്.
രാമ നവമിയുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മാർച്ച് 25 മുതൽ ഏപ്രിൽ രണ്ട് വരെ നീണ്ടു നിൽക്കുന്ന ഒരു വലിയ ഘോഷയാത്ര നടക്കുമെന്നും അങ്ങനെ ചെയ്താൽ ഭഗവാൻ ശ്രീരാമൻ നമ്മളെ കൊറോണ വൈറസിൽ നിന്നും രക്ഷിക്കുമെന്ന് യോഗി പറഞ്ഞെന്നുമായിരുന്നു സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തത്. എന്നാൽ ഇത്തരം ഒരു കാര്യം താൻ ആവശ്യപ്പെട്ടില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. പതിവുകൾക്ക് വിപരീതമായി ആൾക്കൂട്ടമില്ലാതെ പൂജകൾ മാത്രമായി രാമനവമി ആചരിക്കണമെന്നായിരുന്നു യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് മതസമ്മേളനങ്ങൾ നടത്തിയ ചിലരെ ന്യായീകരിക്കാനും അതു വഴി സാമൂഹ്യമായ ഒരു ബാലൻസിംഗ് ഇക്കാര്യത്തിൽ വരുത്തി തീർക്കാനും ശ്രമിക്കുന്ന ഇടത് ലിബറൽ മാദ്ധ്യമങ്ങളുടെ പാതയാണ് സിദ്ധാർത്ഥും പിന്തുടരുന്നതെന്ന് ആരോപണം ഉയരുന്നു. അതേസമയം തബ്‌ലീഗി ജമാ അത്തിന്റെ നേതൃത്വത്തിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം രാജ്യത്ത് കൊറോണയുടെ സാമൂഹിക വ്യാപനത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
Discussion about this post