ലാഹോർ: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി നടത്തിയ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിനു സമാനമായി പാകിസ്ഥാനിലും തബ്ലീഗ് മതസമ്മേളനം. പാകിസ്ഥാനിലെ പഞ്ചാബിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ രണ്ടര ലക്ഷം ആളുകൾ പങ്കെടുത്തതായാണ് വിവരം.
ലാഹോറിലെ റായ്വിന്ധിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത ഏതാണ്ട് നൂറിലധികം പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായാണ് വിവരം. മറ്റ് രാജ്യങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ പുലർത്തിയ ജാഗ്രത പാകിസ്ഥാൻ കാട്ടിയില്ല എന്ന വിമർശനം ശക്തമാകുകയാണ്. കൊറോണ വൈറസ് ബാധ മഹാമാരിയായി പടരുന്ന സാഹചര്യത്തിൽ ലോകത്താകമാനം കടുത്ത ജാഗ്രത തുടരുമ്പോൾ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതിൽ ലോകരാജ്യങ്ങൾ ആകെ ആശങ്കയിലാണ്.
ഇറാനിൽ നിന്ന് പാകിസ്ഥാനിൽ എത്തിയ തീർത്ഥാടകരിലാണ് നിലവിൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ ഏറ്റവും ഉയർന്ന കണക്കാണ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സാഹചര്യം ഇത്രയും രൂക്ഷമായിട്ടും ലോക്ക് ഡൗൺ എന്ന ആശയത്തോട് പാക് ഭരണകൂടം വിമുഖത തുടരുകയാണ്. അതിനാലാണ് മതസംഘടനകൾ ഇത്തരം സാഹചര്യങ്ങൾ മുതലെടുക്കുന്നതെന്നും വിമർശനം ഉയരുന്നു.
അതേസമയം നിസമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പിന്നീട് എത്തിച്ചേർന്നിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത പത്തിലധികം പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും നൂറുകണക്കിന് ആളുകൾ രോഗബാധിതരാകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നിസമുദ്ദീൻ മർക്കസ് ഇന്ത്യയിലെ കൊറോണ ഹോട്ട്സ്പോട്ട് ആയി മാറുകയായിരുന്നു.
Discussion about this post