കൊല്ലം: പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കടവൂർ സ്വദേശി ശെൽവമണിയാണ് മരിച്ചത്. പെട്രോളൊഴിച്ച് വീടിന് തീ കൊളുത്തിയ ഇയാൾക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.
പുലർച്ചെ രണ്ടുമണിയോടെയാണ് കടവൂർ സ്വദേശിയായ ശെൽവമണി യുവതിയുടെ കാവനാട്ടുള്ള വീടിന് തീവെച്ചത്. വീട്ടിൽ തീപടരുന്നത് കണ്ട യുവതിയും വീട്ടുകാരും പുറത്തേക്കോടി. വീടിന് മുന്നിൽ പെട്രോളുമായി നിന്ന യുവാവിനെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് യുവതിയും, അമ്മയും, സഹോദരിയും, ഭർത്താവും ഇവരുടെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. ചെറിയ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. കഴിഞ്ഞ ഒന്നര വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്തുണ്ടായ അകൽച്ചയാണ് സംഭവത്തിന് കാരണമെന്നും മരിക്കുന്നതിന് മുമ്പ് ശെൽവമണി പൊലീസിനോട് പറഞ്ഞു.
Discussion about this post