കോട്ടയം: ചോറും സവാളയും ഉള്ളിയും പയറും പരിപ്പും മടുത്തുവെന്നും കോഴിയിറച്ചിയും പാൻപരാഗും വേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികൾ. ഇവരുടെ ആവശ്യം കേട്ട് ഞെട്ടിയ പൊലീസ് ആവശ്യക്കാരെ വിരട്ടി.
അതേസമയം ചങ്ങനാശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇന്നലെ അര ലിറ്റർ പാൽ വീതം നൽകി. 103 ക്യാമ്പുകളിലായി 4086 പേർക്കാണ് ഇന്നലെ മിൽമ പാൽ വിതരണം ചെയ്തത്. ഇന്ന് ഒരു കവർ വീതം തൈര് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
വർത്തമാനം പറച്ചിലും ചീട്ടുകളിയുമൊക്കെയായി സമയം തള്ളി നീക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ക്യാമ്പുകൾ വിടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ മാസമാണ് സ്വദേശങ്ങളിലേക്ക് മടങ്ങി പോകണമെന്ന ആവശ്യവുമായി ഇവർ നിയന്ത്രണം ലംഘിച്ച് തെരുവിലിറങ്ങിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്പുകളിലെത്തിച്ചത്. അന്നു മുതൽ വൻ പൊലീസ് സംഘം അവിടെ ക്യാമ്പുചെയ്യുന്നുണ്ട്.
അതിനിടെ മീനും ഇറച്ചിയും ഇല്ലാത്തതിനാൽ സൗജന്യമായി ലഭിച്ച ഭക്ഷണ പൊതികൾ അന്യസംസ്ഥാന തൊഴിലാളികൾ തെരുവിൽ വലിച്ചെറിഞ്ഞ സംഭവം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. തിരുവനന്തപുരത്തായിരുന്നു സംഭവം.
Discussion about this post