ചെന്നൈ: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ബംഗ്ലാദേശികൾ പിടിയിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് കടന്നുകൂടിയതിനാണ് 11 പേരെ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവർ കൊവിഡ് പരിശോധനക്ക് വിധേയരായിരുന്നില്ല.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഉൾപ്പെടെ നിരവധിപേർ രാജ്യത്തിന്റെ പലഭാഗത്തും ഒളിവിൽ കഴിയുന്നുണ്ടെന്നാണ് വിവരം. മുംബൈയിലും ഡൽഹിയിലും നേരത്തേ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധിപേരെ കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർക്ക് കോവിഡ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. മതസമ്മേളനത്തിൽ പങ്കെടുത്തവർ സ്വമേധയാ അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലരും ഇപ്പോഴും ഇത് അനുസരിക്കുന്നില്ല.
അതേസമയം ഡൽഹിയിൽ കൊവിഡ് ബാധിച്ച 669 പേരിൽ 426 പേരും നിസാമുദ്ദിൻ മതസമ്മേളനത്തിൽ പങ്കെടുത്തവരായിരുന്നു എന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. തെലങ്കാന, മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി രോഗബാധ റിപ്പോർട്ട് ചെയ്യപെട്ടിരുന്നു. ഇതോടെ രാജ്യത്തെ സുപ്രധാന കൊവിഡ് ഹോട്ട്സ്പോട്ട് ആയി മാറിയിരിക്കുകയാണ് നിസമുദ്ദീൻ മർക്കസ്.
Discussion about this post