ഡൽഹി: മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ലോറോക്വിൻ എന്ന മരുന്ന് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഉപയോഗിക്കാമെന്ന നിരീക്ഷണത്തെ തുടർന്ന് ഇന്ത്യയെ ആശ്രയിച്ച ലോകരാജ്യങ്ങൾ പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റമോളിനും ഇന്ത്യയുടെ സഹായം തേടുന്നു. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് നിലവിൽ ഇന്ത്യ.
ഇന്ത്യയിൽ പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 200 മെട്രിക് ടണ്‍ മാത്രമേ ഇന്ത്യയിൽ ആവശ്യമായി വരുന്നുള്ളൂ. ബാക്കിയുള്ളവ ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ മാത്രം പ്രതിവർഷം ഇന്ത്യക്ക് 730 കോടി രൂപയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ ബ്രിട്ടണിലേക്ക് അവരുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്‌സണ്‍ ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ യുദ്ധത്തിൽ പ്രധാനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ബ്രിട്ടണ് പുറമെ ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ, ശ്രീലങ്ക എന്നീ രാജ്യങ്ങളും പാരസെറ്റമോൾ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കയറ്റുമതി നിയന്ത്രണത്തിൽ ഇന്ത്യ ഇളവ് പ്രഖ്യാപിക്കാനാണ് സാദ്ധ്യത. സുഹൃദ് രാഷ്ട്രങ്ങൾക്ക് ഏത് ആവശ്യത്തിനും ഇന്ത്യയെ സമീപിക്കാമെന്നും സാധിക്കുന്ന എല്ലാ മർഗ്ഗങ്ങളിലൂടെയും ഇന്ത്യ സഹായം എത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്. മോദിയുടെ മഹാമനസ്കതയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ രംഗത്ത് വന്നിരുന്നു.
Discussion about this post