പാലക്കാട് അട്ടപ്പാടി വനത്തിലെ ആദിവാസി ഊരിൽ പ്രസവിച്ച യുവതിക്ക് കുഞ്ഞിനും ചികിത്സ നൽകാൻ ഡോക്ടർമാർ കാടു കയറി. കുടലിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനെയും പരിചരിക്കാൻ ആരോഗ്യപ്രവർത്തകർ അഞ്ച് മണിക്കൂറിലേറെ സഞ്ചരിച്ചാണ് സ്ഥലത്തെത്തിയത്.40 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ച ശേഷം, മൂന്നു മണിക്കൂറോളം ഇവർ കാൽനടയായി കാടു കയറുകയായിരുന്നു. അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ, മേലെ തുഡുക്കി കുറുംബ ഗോത്രവർഗക്കാരിലെ യുവതിയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്.ഈ മാസം അവസാനത്തോടെയായിരിക്കും പ്രസവം എന്ന കണക്കുകൂട്ടൽ തെറ്റിച്ച് എട്ടാം തീയതി യുവതിക്ക് വേദന അനുഭവപ്പെടുകയായിരുന്നു. വെളുപ്പിന് 4:45ന് ആയിരുന്നു പ്രസവം.
ആരോഗ്യ പ്രവർത്തകർ വിവരമറിയിച്ചതനുസരിച്ചാണ് കോട്ടത്തറ ഗവ : ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ അടങ്ങുന്ന സംഘം കാട്ടിൽ എത്തിയത്. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിലുള്ള മലയിലേയ്ക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഡോക്ടർമാർ കാടു നടന്നു കയറുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ശുശ്രൂഷ യും മരുന്നുകളും നൽകിയ ശേഷമാണ് മെഡിക്കൽ സംഘം മടങ്ങിയത്.
Discussion about this post