ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുള്‍ മജീദിനെ അറസ്റ്റിലായി നാല് ദിവസത്തിനിടെ ബംഗ്ലാദേശ് സര്‍ക്കാര്‍ തൂക്കിക്കൊന്നു. മുന്‍ സൈനിക ഓഫീസറായിരുന്ന അബ്ദുള്‍ മജീദിനെ ഇന്ന് പുലര്‍ച്ചെയാണ് തൂക്കിലേറ്റിയത്. 1975 ലാണ് സൈനിക ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെ തുടര്‍ന്ന മുജീബുള്‍ റഫ്മാന്‍ കുടുബത്തോടൊപ്പം കൊല്ലപ്പെടുന്നത്.1997 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ 12 സൈനികരെ സുപ്രീംകോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.2010 ല്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.കേസിലെ ഒരു പ്രതി നേരത്തെ മരിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് മജീദ് അറസ്റ്റിലായത്. രഹസ്യമായി ധാക്കയില്‍ തിരിച്ചെത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇനിയും പിടികിട്ടാനുള്ള പ്രതികള്‍ യുഎസിലും കാനഡയിലും ബംഗ്ലാദേശിലുമായി ഉണ്ടെന്നും ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും പോലീസ് പറയുന്നു.
ഇതിനിടെ അബ്ദുള്‍ മജീദ് 22 വര്‍ഷം ഒളിവില്‍ താമസിച്ചത് കൊല്‍ക്കത്തയിലായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കൊല്‍ക്കത്തയില്‍ ഒളിവിലായിരുന്ന ഇയാള്‍ ബംഗ്ലാദേശിലേക്ക് തിരിച്ചു പോയത് കഴിഞ്ഞ മാസമാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായെന്നായിരുന്നു വിവരം. 45 വര്‍ഷത്തെ ഒളിവ് ജീവിതത്തില്‍ അവസാനത്തെ 22 വര്‍ഷവും ബംഗാളിലായിരുന്നു. കൊല്‍ക്കത്തയിലെ നോര്‍ത്ത് , സൗത്ത് പര്‍ഗനാസുകളിലായി ഒളിച്ചു താമസിക്കുകയായിരുന്നുവെന്നാണ് ബംഗ്ലാദേശ് പറയുന്നത്. കൊല്‍ക്കത്ത വിമാനത്താവളം വഴി മാര്‍ച്ച് 16 നാണ് ഇയാള്‍ തിരിച്ചു പോയത്. ഇയാള്‍ ഒറ്റയ്ക്കാണ് ബംഗാളില്‍ താമസിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നേടിയെടുത്ത ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും സമ്പാദിച്ചതായാണ് റിപ്പോര്‍ട്ട്. വാടക വീട്ടിലും മറ്റിടങ്ങളിലുമായി മാറി മാറി താമസിച്ച ഇയാള്‍ സ്ഥിരമായി ഒരിടത്ത് താമസിക്കില്ലായിരുന്നുവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുജീബുര്‍ റഹ്മാന്റെ കൊലയാളികളില്‍ അബ്ദുള്‍ മജീദ് ഉള്‍പ്പെടെ ആറു പേരായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.













Discussion about this post