കൊല്ലം: മലയാളിയായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബംഗാൾ സ്വദേശി കൊല്ലത്ത് പിടിയിൽ. വെള്ളിമൺ ചെറുമൂട് ശ്രീശിവൻ മുക്ക് കവിതാ ഭവനത്തിൽ കവിതയാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പശ്ചിമബംഗാൾ സ്വദേശി ദീപക്കിനെ (32) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കവിതയുടെ ഫോൺവിളികൾ ചോദ്യം ചെയ്തശേഷമാണ് കോടാലികൊണ്ട് വെട്ടിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയുടെ ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും വെട്ടേറ്റു. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോൾ തല തകർന്ന് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു കവിത. ഇവരുടെ മക്കൾ ഒൻപതും ഏഴും വയസ് പ്രായമുള്ള രശ്മിയും കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും കവിതയുടെ ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും കുണ്ടറയിലെ കശുഅണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ പത്തുവർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ വീട്ടിലായിരുന്നു ദീപക് താമസിച്ചിരുന്നത്. ഇയാൾ കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിർമ്മാണ ജോലികളും ചെയ്തുവരികയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
Discussion about this post