കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ യൂട്യൂബിൽ നോക്കി വാറ്റ് ചാരായം ഉണ്ടാക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിലായി. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ റിക്സൺ, വിഷ്ണു എന്നിവരാണ് പിടിയിലായത്.
വിഷ്ണുവിന്‍റെ വീടിനോട് ചേർന്ന് പ്രഷർ കുക്കറിലാണ് ഇവർ വാറ്റ് ചാരായം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതോടെ ചേരാനല്ലൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വിഷ്ണുവിനെയും റിക്സണെയും കൈയ്യോടെ പിടികൂടുകയായിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ലോക്ക് ഡൗൺ സംസ്ഥാന വ്യാപകമായി നിലവിൽ വന്നതോടെ മദ്യം കിട്ടാത്തതിന്റെ പേരിലാണ് ഇവർ വാറ്റ് ചാരായം ഉണ്ടാക്കാൻ ശ്രമിച്ചത്. മദ്യം കിട്ടാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ചില യുവാക്കൾ ആത്മഹത്യ ചെയ്തിരുന്നു. സാനിറ്റൈസർ ഉപയോഗിച്ച് മദ്യം ഉണ്ടാക്കി വില്പന നടത്തിയ യുവാവിനെയും യൂട്യൂബിൽ നോക്കി വ്യാജമദ്യം ഉണ്ടാക്കിയ യുവാക്കളെയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു. മദ്യം കിട്ടാതായതോടെ പല തരം പുതിയ പരീക്ഷണങ്ങളും നടത്തി ലഹരി കണ്ടെത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ സാനിറ്റൈസറും പെയിന്റും വാർണിഷുമൊക്കെ പരീക്ഷിച്ച ചിലർ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Discussion about this post