കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യുണൈറ്റഡ് പീപ്പിള്‍ ഫ്രീഡം അലയന്‍സും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും തമ്മിലാണു മത്സരം.
രാഷ്ട്രീയത്തിലെ തിരിച്ചുവരവ് ലഷ്യമിടുന്ന മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയാണ് ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായല്ലെങ്കിലും രാജപക്‌സെ യുപിഎഫ്എ ടിക്കറ്റില്‍ പാര്‍ലമെന്റിലേക്കു ജനവിധി തേടുന്നുണ്ട്. അതേസമയം പ്രധാനമന്ത്രിയെ തെരഞ്ഞടുപ്പിനുശേഷം തീരുമാനിക്കുമെന്നാണു സിരിസേനയുടെ നിലപാട്. ബുദ്ധമത വിഭാഗക്കാര്‍ക്കു മുന്‍തൂക്കമുള്ള കരുണേഗല ജില്ലയില്‍നിന്നാണു രാജപക്‌സെ ജനവിധി തേടുന്നത്.
നിശ്ചിതസമയത്തിനും 10 മാസം മുമ്പാണു ശ്രീലങ്കയുടെ 15-ാം പാര്‍ലമെന്റിലേക്കു തെരഞ്ഞെടുപ്പു നടക്കുന്നത്. 225 അംഗ സഭയിലെ 196 സീറ്റുകളിലേക്കു നേരിട്ടുള്ള തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബാക്കിയുള്ള 29 സീറ്റുകള്‍ ലഭിക്കുന്ന വോട്ടിന്റെ ശതമാനം കണക്കാക്കി മത്സരിക്കുന്ന പാര്‍ട്ടികള്‍ക്കും സ്വതന്ത്ര സംഘടനകള്‍ക്കും വീതിച്ചുനല്‍കും. പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തല്‍ ഈ മാസം മൂന്ന്, ആറ്, ഏഴ് തീയതികളിലായി നടന്നു. രാജപ്കസെക്ക് തിരിച്ചുവരവിനുളള കളമൊരുങ്ങുമെന്നു തന്നെയാണ് അദ്ദേഹത്തോടടുത്തു നില്‍ക്കുന്നവര്‍ കരുതുന്നത്. ഈ തെരഞ്ഞെടുപ്പ് രാജപക്‌സെയെ നിങ്ങള്‍ക്ക് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് എന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ ഇതിനോടകം ജനങ്ങള്‍ മുന്‍പാകെ പറഞ്ഞുകഴിഞ്ഞു.
Discussion about this post