കൊവിഡ് ഭീതിയെ തുടർന്ന് ലോകം വീടടച്ച് അകത്തിരിക്കുമ്പോൾ ആഹാരവും വെള്ളവുമില്ലാതെ പിടഞ്ഞു വീഴുകയാണ് മൃഗങ്ങൾ. ജന്തുസ്നേഹികൾ ജീവികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ അത്രമേൽ പര്യാപ്തമാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ സാഹചര്യത്തിൽ ഇരു കൈകളും ഇല്ലാത്ത ഒരു കുരങ്ങിന് പഴം നൽകുന്ന ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. ഒരു കൈയ്യിൽ ഫോണുമായി മാസ്ക് ധരിച്ച് കസേരയിലിരിക്കുന്ന പൊലീസുകാരൻ മറു കൈ കൊണ്ട് പഴം തോലുരിഞ്ഞ് കുരങ്ങിന് നൽകുന്ന വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. പൊലീസുകാരന്റെ അടുത്ത് അല്പം സങ്കോചത്തോടെയാണ് വന്നിരുന്നതെങ്കിലും ആ സ്നേഹം തിരിച്ചറിഞ്ഞ വാനരൻ പഴം ആസ്വദിച്ച് കഴിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് ആരോ കാമറയിൽ പകർത്തിയ ദൃശ്യം പിന്നീട് ട്വിറ്ററിൽ വൈറൽ ആകുകയായിരുന്നു.
Police Officer feeding an amputee Monkey. pic.twitter.com/7IKBGLlAy6
— Khushboo S (@Khushboo_) April 17, 2020
സഹാനുഭൂതിയും കാരുണ്യവും നിറഞ്ഞ പ്രവൃത്തിയിലൂടെ മാതൃകയായിരിക്കുന്ന പൊലീസുകാരന്റെ വീഡിയോ ഒരു ദിവസം കൊണ്ട് കണ്ടത് നിരവധി പേരാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പേർ വീഡിയോക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യത്വം അനന്തമായ പ്രവാഹമാണെന്നും വിശപ്പിന്റെ വില തിരിച്ചറിയുന്നതാണ് ഏറ്റവും ദിവ്യമായ സേവനമെന്നും ഓർമ്മിപ്പിക്കുന്നതാണ് കൊറോണ കാലത്തെ നന്മയുടെ പ്രതീകമായ ഈ പൊലീസ് ഉദ്യോഗസ്ഥൻ.
Discussion about this post