മഹാരാഷ്ട്രയിലെ പാൽഘറിൽ ഇരുന്നൂറോളം പേർ വരുന്ന ആൾക്കൂട്ടം സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ. മഹാരാഷ്ട്രയിലെ പൽഘാറിൽ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആൾക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ൽ പരം പേർ പോലീസിന്റെ സാന്നിധ്യത്തിൽ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചതെന്ന് കുമ്മനം പറയുന്നു. ത്രയംബകേശ്വർ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവർ. ഗുരുവിന്റെ സമാധി ചടങ്ങിൽ പങ്കെടുക്കാൻ അതിർത്തി പ്രദേശമായ നന്ദൂർബാഗിലേക്ക് പോകുകയായിരുന്നു. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വന്ദ്യവയോധികനായ കാഷായ വസ്ത്രധാരിയെ തലങ്ങും വിലങ്ങും ആളുകൾ ദീർഘനേരം നിന്ദ്യവും നീചവുമായി മർദ്ദിക്കുന്നതും പ്രാണരക്ഷാർത്ഥം മുന്നോട്ട് നീങ്ങുമ്പോൾ ദേഹമാസകലം ആയുധങ്ങൾ കൊണ്ട് അടിച്ചും ഇടിച്ചും നിലത്തു വീഴ്ത്തുന്നതും പിടയുന്നതും അവരെ മരിച്ചുവെന്ന് ഉറപ്പാക്കും വരെ പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതൊരു യാദൃശ്ചിക , ആകസ്മിക സംഭവമാണോ ?? അതുവഴി പോയ മറ്റു വാഹനങ്ങൾ എന്തുകൊണ്ട് തടഞ്ഞില്ല ?? യാത്രക്കാരെ മർദ്ദിച്ചില്ല ?? പോലീസ് എന്തുകൊണ്ട് നോക്കിനിന്നു ? കൊറോണ ലോക്ക് ഡൗൺ ഉള്ളപ്പോൾ 200 ൽ പരം പേർ എങ്ങനെ സംഘടിച്ച് റോഡിൽ നിന്നു ? വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു ?? മാധ്യമങ്ങളിൽ എന്തുകൊണ്ട് വർത്തയായില്ല. ?? കുമ്മനം ചോദിക്കുന്നു.
ഉത്തർ പ്രദേശിൽ പശു മോഷണത്തിന്റെ പേരിൽ അഖ്‌ലാഖിനേയും , സീറ്റ് തർക്കത്തിന്റെ പേരിൽ , ട്രെയിനിൽ ജുനൈദിനെയും ആൾകൂട്ടം കൊല ചെയ്തപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല ?? ധർമ്മരോഷത്തോടെ കുമ്മനം ആരായുന്നു.
ഒട്ടേറെ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. ധർമ്മ ഭൂമിയായ ഭാരതത്തിൽ ധർമ്മ ഗുരുക്കന്മാരുടെ രക്ത തുള്ളികൾ വീഴുന്നതും അടിയും ഇടിയും കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നതും വേദനയോടെ നാം നോക്കി കാണുന്നു. ധർമ്മ സ്നേഹികളായ നാം ശക്തമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
കൊറോണക്കെതിരെ ലോക്ക് ഡൗണിൽ കഴിയുമ്പോഴും നമ്മുടെ ഹൃദയം അവർക്ക് വേണ്ടി തുടിയ്ക്കട്ടെ. ധർമ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ ആ മഹാത്മാക്കളുടെ വീര സ്മരണയ്ക്ക് മുൻപിൽ അനന്തകോടി പ്രണാമം എന്ന് പറഞ്ഞു കൊണ്ടാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
https://www.facebook.com/kummanam.rajasekharan/photos/a.798308180278971/2653206018122502/?type=3&theater
Discussion about this post