കൊല്ലം: കൊല്ലത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം ജില്ലയിൽ ഒന്നിലേറെപ്പേർക്കു രോഗബാധ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. ഷാർജയിൽ നിന്നു മടങ്ങിയെത്തിയ ശാസ്താംകോട്ട സ്വദേശികളായ ദമ്പതികളുടെ 7 വയസ്സുകാരി മകൾ, തെങ്കാശിക്കടുത്തു പുളിയങ്കുടിയിൽ പോയി മടങ്ങിയ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തായ 51 വയസ്സുകാരൻ എന്നിവർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി.
ഒരു മാസം മുൻപ് ഷാർജയിൽ നിന്നു മടങ്ങിയെത്തിയതാണു ശാസ്താംകോട്ടയിലെ കുടുംബം. ഇവരെ കണ്ണനല്ലൂരിലെ ബന്ധുവീട്ടിൽ ക്വാറന്റീനിലാക്കിയിരിക്കുകയായിരുന്നു. ക്വാറന്റീൻ കാലാവധിക്കു ശേഷം ശാസ്താംകോട്ടയിലെ വീട്ടിലേക്കു പോയെങ്കിലും കഴിഞ്ഞ ദിവസം പെൺകുട്ടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.
കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തായ 51 വയസ്സുകാരൻ നാട്ടിൽ സജീവമായി ഇറങ്ങി നടന്നിരുന്ന ആളാണ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അയൽവാസിയായ 77 വയസ്സുകാരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കുളത്തൂപ്പുഴയിൽ മാത്രം ഇതുവരെ 3 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയതായി രോഗം സ്ഥിരീകരിച്ച ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആശ്വാസത്തിന്റെ ഒരു നേരിയ ഇടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ കൊല്ലത്ത് നിരീക്ഷണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കനത്ത ജാഗ്രതയിലാണ് ജില്ല.
Discussion about this post