കൊല്ലം: ജില്ലയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൊല്ലത്തെ നാല് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു. ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂർ, തൃക്കോവിൽവട്ടം എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള മറ്റൊരു സ്ഥാപനങ്ങളും ഇവിടെ തുറക്കാൻ പാടില്ലെന്ന് കളക്ടർ ബി അബ്ദുൾ നാസർ അറിയിച്ചു. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കാൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊലീസ് സഹായത്തോടെ നടപടികൾ സ്വീകരിക്കണം. സമൂഹ അടുക്കളകൾക്ക് പ്രവർത്തിക്കാം. അവശ്യ വസ്തുക്കളുടെ നീക്കത്തിന് തടസ്സം ഉണ്ടാകാത്ത ക്രമീകരണങ്ങൾ അതത് വകുപ്പുകൾ ഏർപ്പെടുത്തേണ്ടതാണ്.
ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നവർ കർശനമായും ഒരു മീറ്ററിൽ കൂടുതൽ സാമൂഹിക അകലം പാലിക്കണം. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പ്രഖ്യാപനം പിൻവലിക്കുന്നത് വരെ ഉത്തരവിന് പ്രാബല്യം ഉണ്ടായിരിക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അറിയിച്ചു. കൊല്ലത്ത് ഇന്നലെ മൂന്ന് പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
Discussion about this post