തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും ശക്തമായ വേനൽ മഴ ലഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.
ഇന്ന് വൈകീട്ട് പെയ്ത മഴയിൽ മിക്കയിടങ്ങളിലും വെള്ളം കയറി. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് പരക്കെ മഴ ലഭിച്ചു. എറണാകുളത്ത് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. കൊല്ലത്ത് വ്യാപകമായ കൃഷി നാശം ഉണ്ടായി. തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ലഭിച്ചു.
26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.
Discussion about this post