തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത അസുഖകരമായ ചോദ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബർ ഗുണ്ടകളെ വിട്ടു സിപിഎം ആക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നടപടി നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ കാലത്തും മാധ്യമപ്രവര്‍ത്തകരെ അസിഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി നേരിടുന്നത്. പ്രതിദിന സായാഹ്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സ്തുതിപാഠകരിലൂടെ ഉപരോധിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അപ്രഖ്യാപിത മാധ്യമവിലക്കാണിത്. എതിര്‍ക്കുന്നവരെ തകര്‍ക്കുന്ന സേച്ഛാധിപതികളായ സ്റ്റാലിന്റെയും കിം ജോങ് ഉന്നിന്റെയും മാര്‍ഗമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
ലിംഗവ്യത്യാസമില്ലാതെ എതിരാളികളെ തേജോവധം ചെയ്യുകയാണ് സിപിഎം സൈബര്‍ ഗുണ്ടകളുടെ ശൈലി. മുഖ്യമന്ത്രിയുടെ ശബ്ദതാരാവലിയിലെ നീചപദങ്ങളെക്കാളും തരംതാണ പദപ്രയോഗമാണ് ഇക്കൂട്ടരുടേതെന്നും മുല്ലപ്പള്ളി പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ ഗുരുനാഥനില്‍ നിന്ന് രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ സ്വീകരിച്ച ഈ സൈബര്‍ ഗുണ്ടകളിൽ നിന്ന് ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post