ബീജിംഗ്: കൊവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ചൈനയിലെ വുഹാനിൽ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് ശേഷം ഇതാദ്യമായാണ് വുഹാനിൽ പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗലഷണമൊന്നും പ്രകടിപ്പിക്കാത്ത വ്യക്തിയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം ചൈനയിൽ ഇന്നലെ പുതിയതായി 14 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 28ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ജിലിൻ പ്രവിശ്യയിലെ ഷുലാനിലാണ് പുതിയ 11 കേസുകൾ. ഇവിടെ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതായി സംശയിക്കുന്നു.
മെയ് 7ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട സ്ത്രീയുമായി സമ്പർക്കം പുലർത്തിയവർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മറ്റ് രണ്ട് രോഗികൾ വിദേശത്ത് നിന്നും എത്തിയവരാണ്. രോഗലക്ഷണം പ്രകടമാകാത്തവരിൽ വൈറസ് സാന്നിദ്ധ്യം വർദ്ധിക്കുന്നത് ചൈനയെ ആശങ്കയിലാക്കുന്നുണ്ട്.
ഇതോടെ ചൈനയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 82,091 ആയി ഉയർന്നു. ആകെ മരണസംഖ്യ 4,633 ആയി തുടരുന്നു.
Discussion about this post