കൊല്ലം: പ്രമുഖ സി പി ഐ നേതാവിന്റെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട വിവാദം സി പി ഐയിലും എൽ ഡി എഫിലും ചേരിപ്പോര് രൂക്ഷമാക്കുന്നു. തൊണ്ടിമുതൽ മാറ്റി കേസ് അട്ടിമറിച്ചതാണ് വിവാദത്തിന് കാരണമായത് എന്നാണ് വിവരം.
സി പി ഐ സംസ്ഥാന നേതൃത്വത്തിലെ ഉന്നതന്റെ മകനാണ് സ്വന്തം നാടായ കൊല്ലം ജില്ലയിലെ കഞ്ചാവ് കേസിൽ പ്രതിയായത്. മറ്റ് നാല് പേരോടൊപ്പം ഏപ്രിൽ നാലിനാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടിയതായാണ് എഫ് ഐ ആർ. ഇതിനെ തുടർന്ന്, പിടിയിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വെച്ചാൽ കോടതിയിൽ ഹാജരാകാതെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ള വ്യവസ്ഥ പ്രകാരമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. പ്രതികളെല്ലാവരും 21നും 25നും ഇടയിൽ പ്രായമുള്ളവരാണ്.
എന്നാൽ പ്രതികളെ സംരക്ഷിക്കാൻ വേണ്ടി, പിടികൂടിയ തൊണ്ടിമുതലിൽ വൻ കൃത്രിമം നടന്നതായാണ് ആരോപണം. ജാമ്യം ലഭിക്കാവുന്ന കുറ്റമായി കണക്കാക്കേണ്ട പരിധിയ്ക്കും അപ്പുറമായിരുന്നു പിടികൂടിയ കഞ്ചാവ്. അത് മാറ്റി മകനെ രക്ഷിക്കാൻ വേണ്ടി നേതാവ് തൊണ്ടി മുതലിൽ കൃത്രിമം കാണിക്കാൻ ഉന്നത ഇടപെടൽ നടത്തുകയായിരുന്നുവെന്ന് പാർട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതാണ് ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. അഞ്ച് പേർ കൂട്ടം ചേർന്നിരുന്ന് കഞ്ചാവ് വലിച്ചത് ലോക്ക് ഡൗൻ ചട്ടങ്ങളുടെ ലംഘനമായിട്ട് കൂടി കേസ് പൊലീസിനെ അറിയിക്കാത്തതും വിവാദമാകുകയാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ കാനം പക്ഷവും ഇസ്മായിൽ പക്ഷവും കൊമ്പു കോർക്കുകയാണ്. കഞ്ചാവ് കേസും സ്പ്രിംഗ്ലർ വിവാദവും ഇരു പാർട്ടിയിലെയും മുതിർന്ന നേതാക്കൾ പരസ്പര ധാരണയിലൂടെ ഒതുക്കി തീർത്തത് അണികൾക്കിടയിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്. സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന അനിരുദ്ധനെ മാറ്റി പകരം മുല്ലക്കര രത്നാകരന് ചുമതല നൽകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദവുമായി കൂട്ടിച്ചേർത്ത് ഈ കേസിനെ വിലപേശലിന് ഉപയോഗിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
Discussion about this post