പാഞ്ച്കുള: ബോളിവുഡ് നടന് ഹൃത്വിക് റോഷനൊപ്പം ഡിന്നര്‍ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നു കാട്ടി യുവതി കൊക്കകോളയ്ക്കെതിരെ കോടതിയില്‍ പരാതി നല്കി. ഹരിയാണയിലെ പാഞ്ച്കുള സ്വദേശിനിയായ ശിഖ മൊംഗ ആണ് പരാതിക്കാരി. 2.5കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിയില്‍ ഛണ്ഡീഗഡ് കോടതി കോള കമ്പനിക്ക് നോട്ടീസ് അയച്ചു.
2000ല്‍ കൊക്കകോള നടത്തിയ ഒരു മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത് ശിഖ ആയിരുന്നു. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഹൃത്വിക്കിനൊപ്പം ഡിന്നര്‍ എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടനൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരം തനിക്ക് ഒരുക്കി തരുന്നതിന് കമ്പനിക്ക് സാധിച്ചിട്ടില്ലെന്ന് ശിഖ ചൂണ്ടിക്കാട്ടുന്നു. ശിഖയുടെ ഹര്‍ജി സ്വീകരിച്ച ചണ്ഡീഗഡ് കോടതി കൊക്കകോളയ്ക്ക് നോട്ടീസ് അയച്ചു. ബന്ധുക്കളും സുഹൃത്തുകളും ഹൃത്വിക്കിനൊപ്പമുള്ള ഡിന്നര്‍ കാര്യം എപ്പോഴും ചോദിക്കുമായിരുന്നുവെന്നും കോള കമ്പനി വാഗ്ദാനം പാലിക്കാത്തതുമൂലം താന്‍ നുണച്ചിയാണെന്ന ലേബല്‍ സമൂഹത്തിലുണ്ടായിരുന്നുവെന്നും കാട്ടിയാണ് യുവതിയുടെ പരാതി.
പരാതിയില്‍ മറുപടി നല്‍കാനാണ് കോടതി കൊക്കകോളയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കോടതിവിധി തനിക്ക് അനുകൂലമാകുകയാണെങ്കില്‍ കമ്പനികളുടെ ഇത്തരം തട്ടിപ്പുകള്‍ക്ക് വിരമമാകുമെന്നാണ് ശിഖയുടെ പക്ഷം.
Discussion about this post