ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാമെന്ന ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശത്തോട് മുഖം തിരിച്ചു കേരളം. ഗുജറാത്തിലെ മലയാളികൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണമെന്ന് നേരത്തെ ശക്തമായി വാദിച്ച കേരളം, അഹമ്മദാബാദ് റെഡ്സോണായ സാഹചര്യത്തിലാണ് നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞത്.ഇതോടെ, നാട്ടിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിച്ച് അഹമ്മദാബാദിലെത്തിയ നൂറുകണക്കിന് മലയാളികളാണ് കുടുങ്ങിപ്പോയത്.
ഗുജറാത്തിൽനിന്ന് 5,082 മലയാളികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച, കേരളം ഗുജറാത്തിനെ കത്തയച്ചിരുന്നു.ട്രെയിൻ ആരംഭിക്കേണ്ടത് അഹമ്മദാബാദിൽ നിന്നായിരിക്കണമെന്നും കേരള സർക്കാർ നിർദ്ദേശിച്ചിരുന്നു.അന്നുതന്നെ, ഉത്തരവാദിത്തപ്പെട്ട അഹമ്മദാബാദ് ജില്ലാ കലക്ടർ മറുപടി അയച്ചു. “ശനിയാഴ്ച തന്നെ ട്രെയിൻ ഏർപ്പെടുത്താമെന്നും, വൈകിട്ട് മൂന്നരയ്ക്ക് പുറപ്പെടും” എന്നുമായിരുന്നു അത്. ഗുജറാത്തിലെ മലയാളം സമാജം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് പുറപ്പെടാൻ ആഗ്രഹിക്കുന്ന 1,500 യാത്രക്കാരുടെ ലിസ്റ്റടക്കം ഗുജറാത്ത് സർക്കാർ അയച്ചു. യാത്രയ്ക്ക് മുമ്പ് വൈദ്യ പരിശോധന നടത്തുമെന്നും എല്ലാവരെയും പ്രത്യേക ബസ്സുകളിൽ സ്റ്റേഷനിലെത്തിക്കുമെന്നും കത്തിൽ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് അവസാനിപ്പിച്ചിരിക്കുന്ന ആ കത്തിന് ഈ നിമിഷം വരെ കേരള സർക്കാർ മറുപടി അയച്ചിട്ടില്ല. അതിനാൽ തന്നെ, ട്രെയിൻ പ്രതീക്ഷിച്ച് ശനിയാഴ്ച അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിയ മലയാളികൾ റെഡ് സോണായ അഹമ്മദാബാദിൽ കുടുങ്ങുകയായിരുന്നു.
Discussion about this post