ഡൽഹി: ഏറ്റവും വിനാശകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉംപുൻ ചുഴലിക്കാറ്റ് തീരം തൊടാനുരുങ്ങുന്ന അവസരത്തിൽ പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനും എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേനയെ നേരത്തെ തന്നെ ബംഗാളിൽ വിന്യസിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അദ്ദേഹം മമത ബാനർജിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ ഏത് ആവശ്യവും നിറവേറ്റാൻ കേന്ദ്രസർക്കാർ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചുഴലിക്കാറ്റിനെ നേരിടാൻ ഒഡിഷ സർക്കാർ കൈക്കൊണ്ട നടപടികൾ അമിത് ഷാ വിലയിരുത്തി. കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും നവീൻ പട്നായിക്കിന് അമിത് ഷാ വാഗ്ദാനം ചെയ്തു.
അതേസമയം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉംപുൻ നാളെ ബംഗാൾ തീരങ്ങളിൽ ആഞ്ഞടിക്കാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിശാഖപട്ടണത്തെ ഡോപ്ലർ റഡാർ സംവിധാനം ചുഴലിക്കാറ്റിനെ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post