ഡൽഹി: രാജ്യസേവനത്തിനൊപ്പം മനുഷ്യസ്നേഹത്തിന്റെയും മികച്ച മാതൃകയാകുകയാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 രൂപ വച്ച് ഒരു വര്‍ഷത്തേക്ക് സംഭാവന ചെയ്യാന്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ധനസമാഹരണ പദ്ധതിയാണ് പി എം കെയേഴ്സ് ഫണ്ട്.
ശമ്പളത്തില്‍ നിന്ന് മാസം അമ്പതിനായിരം രൂപ വെച്ച് ഒരു വർഷത്തേക്ക് പിടിച്ചു കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബിപിൻ റാവത്ത് നേരത്തേ മേലധികാരികൾക്ക് കത്തയച്ചിരുന്നു. തുടർന്ന് ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ആദ്യത്തെ ഗഡുവായ 50,000 രൂപ പി എം കെയേഴ്സ് ഫണ്ടിലേക്ക് പിടിച്ചിരുന്നു. പ്രധാനമന്ത്രി പി എം കെയേഴ്സ് ഫണ്ട് പ്രഖ്യാപിച്ച സമയത്ത് ബിപിൻ റാവത്ത് ഒരു ദിവസത്തെ ശമ്പളം ഇതിലേക്ക് നൽകിയിരുന്നു. ഇതിന് പുറമെയാണ് ഒരു വര്‍ഷത്തേക്ക് ഇത്രയും തുക നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്. നിലവില്‍ എല്ലാമാസവും ഒരു ദിവസത്തെ ശമ്പളം പി എം കെയേഴ്സ് ഫണ്ടിലേക്ക് നൽകാനുള്ള സംവിധാനം പ്രതിരോധ വകുപ്പിലെ ജീവനക്കാർക്ക് ലഭ്യമാണ്. എന്നാൽ ഇത് നിർബന്ധിതമല്ല.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നോട്ട് വെക്കുന്ന ഈ മാതൃക പിന്തുടരാൻ സൈന്യത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും തയ്യാറെടുക്കുന്നതായാണ് സൂചന.
Discussion about this post