അടൂർ : ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒരു വയസ്സുള്ള മകനെ അമ്മവീട്ടുകാർക്ക് വിട്ടുകൊടുത്തു.കുഞ്ഞ് ഇതുവരെ ഉത്രയുടെ ഭർത്താവിന്റെ വീട്ടിലായിരുന്നു.പോലീസെത്തിയാണ് ഉത്രയുടെ വീട്ടിലേക്ക് കുഞ്ഞിനെ മാറ്റിയത്.കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു അടൂർ പോലീസ് സ്റ്റേഷനിൽ ഉത്രയുടെ പിതാവ് പരാതി നൽകിയിരുന്നു.ഉത്രയുടെ കൊലയാളിയും ഭർത്താവുമായ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കണമെന്ന് ഉത്രയുടെ വീട്ടുകാരോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഉത്രയുടെ വീട്ടുകാർ സൂരജിന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് പോലീസ് ഇടപെട്ടത്.ഇതിനിടെ സൂരജിന്റെ അമ്മ ഉത്രയുടെ കുഞ്ഞിനെയും കൊണ്ട് ഒളിവിൽ പോയതും പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക സൃഷ്ടിച്ചു.
കുഞ്ഞിനെ ഒളിപ്പിച്ചാൽ നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് പോലീസ് പറഞ്ഞപ്പോഴാണ് ഉത്രയുടെ കുഞ്ഞ് സൂരജിന്റെ ബന്ധു വീട്ടിലുണ്ടെന്ന് സൂരജിന്റെ വീട്ടുകാർ പറയുന്നത്.ശേഷം,കുഞ്ഞിനെ സൂരജിന്റെ അച്ഛനാണ് തിരികെ വീട്ടിലെത്തിച്ചത്.കുഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ വനിതാ പോലീസ് കുഞ്ഞിനെ ഏറ്റു വാങ്ങുകയായിരുന്നു.അതേസമയം, ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post