ഡൽഹി: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ദിനം പ്രതി വർദ്ധനവ് രേഖപ്പെടുത്തുമ്പോഴും പ്രതിദിന രോഗ പരിശോധനയിൽ കേരളം ഏറെ പിന്നിലെന്ന് കണക്കുകൾ. അയൽ സംസ്ഥാനങ്ങളെല്ലാം പരിശോധന നിരക്കിൽ കേരളത്തെ മറികടന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദേശീയതലത്തിൽ പ്രതിദിന പരിശോധനകൾ ഒരു ലക്ഷത്തിനും മുകളിലാണ്. ഇന്ത്യയിലെ ആക കൊവിഡ് പരിശോധനകൾ 31.26 ലക്ഷമായി ഉയർന്നിട്ടുണ്ട്. എന്നാൽ കേരളം ഇപ്പോഴും പരിശോധനയിൽ വളരെ പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് നടത്തിയ മുപ്പത്തിയൊന്ന് ലക്ഷം പരിശോധനയിൽ ഞായറാഴ്ച വരെ കേരളത്തിൽ നടന്നത് 54,899 കൊവിഡ് പരിശോധനകൾ മാത്രമാണെന്നാണ് കണക്കുകൾ.
പത്തുലക്ഷം പേരിൽ രണ്ടായിരത്തിൽ താഴെ പരിശോധനകൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. പത്തുലക്ഷം പേരിൽ 1577 പേർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി എന്നാണ് കേരളത്തിലെ കണക്ക്. 1.14 ലക്ഷം കൊവിഡ് പരിശോധനകൾ ഒരു ദിവസം രാജ്യത്ത് നടക്കുമ്പോൾ കേരളത്തിലെ സംഖ്യ മെയ് 24-ന് 1026ഉം, മെയ് 25ന് 1102ഉം മാത്രമാണ്. അതായത് രാജ്യത്തെ ആകെ പരിശോധനകളുടെ ഒരു ശതമാനം മാത്രമാണ് അടുത്തിടെയായി കേരളത്തിൽ നടക്കുന്നത്.
അതേസമയം തൊട്ടടുത്ത അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് പത്തുലക്ഷം പേരിൽ 4233 പേരെയും കർണ്ണാടക 2163 പേരെയും പരിശോധിച്ചു കഴിഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെലങ്കാന മാത്രമാണ് പരിശോധനകളുടെ എണ്ണത്തിൽ ഇപ്പോൾ കേരളത്തിനു പിന്നിലുള്ളത്. കേരളത്തിന് സമാനമായ കുറഞ്ഞ മരണനിരക്കുള്ള ഹിമാചൽ, ജമ്മുകശ്മീർ പോലുള്ള സംസ്ഥാനങ്ങൾ പോലും പരിശോധനയുടെ കാര്യത്തിൽ കേരളത്തെക്കാൾ ഏറെ മുന്നോട്ടുപോയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രതിദിന പരിശോധനയിൽ നിവലിൽ ഒരു ശതമാനം മാത്രമാണ് കേരളത്തിലെന്നതും ആശങ്കാജനകമായ വാർത്തയാണ്.
Discussion about this post