തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഇരു ഭാഗത്തിന്റെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും പെൺകുട്ടി പരാതി പിൻവലിച്ച സാഹചര്യവും പരിശോധിക്കും.
ജനനേന്ദ്രിയം മുറിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കുണ്ടെന്നുമാണ് വിലയിരുത്തൽ. സ്വാമിയെ മാത്രം പ്രതിയാക്കി തയ്യാറാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേസന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും.
2017 മെയ് 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി ആദ്യം നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നാലെ പെണ്‍കുട്ടി കോടതിയിലടക്കം മൊഴി മാറ്റിയിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
പരാതിക്കാരിയും മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ടെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികള്‍ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്.
Discussion about this post